ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍ വിജയ ലക്ഷ്യവുമായി ഇന്ത്യ 192 റൺസിന് പുറത്തായി. ഇറങ്ങിയ ഇന്ത്യ 192. റണ്‍സിന് എല്ലാവരും പുറത്തായി. 4 വിക്കറ്റെടുത്ത ജാക് ലീച്ചും 3 വിക്കറ്റെടുത്ത ആൻഡേഴ്സനുമാണ് ഇന്ത്യയെ തകര്‍ത്തത്.അവസാന ദിവസത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയാണ് ടോപ് സ്കോറര്‍. കോഹ്‍ലിയെ സ്റ്റോക്സ് ബൌള്‍ഡാക്കുകയായിരുന്നു.
39/1 എന്ന നിലയിൽ അഞ്ചാംദിനം തുടങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ (50) അർധ സെഞ്ചുറി നേടി. 12 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പൂജാരയ്ക്ക് ഇന്ന് മൂന്ന് റണ്‍സ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അർധ സെഞ്ചുറിക്ക് പിന്നാലെ ഗില്ലിനെയും മൂന്ന് പന്തുകൾക്ക് ശേഷം രഹാനെയും മടക്കി ആൻഡേഴ്സനാണ് ഇംഗ്ലണ്ടിന് ജയപ്രതീക്ഷ ഒരുക്കിയത്. രണ്ടു ബൗണ്ടറികളുമായി തുടങ്ങിയ പന്തിനെയും (11) പിന്നീട് ആൻഡേഴ്സണ് വീഴ്ത്തി. സ്കോർ ബോർഡ് തുറക്കും മുൻപ് വാഷിംഗ്ടണ്‍ സുന്ദറിനെ ഡോം ബെസ് വീഴ്ത്തി.
പിന്നീട് കോഹ്‍ലി –അശ്വിൻ സംഖ്യം വീണ്ടും ഇന്ത്യയ്ക്ക് സമനില പ്രതീക്ഷ നൽകി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്നു 54 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ 52 ഓവറിൽ ജാക്ക് ലീച്ച് അശ്വിൻ ബട്‌ലറുടെ കൈകളിൽ എത്തിച്ചു. പിന്നീട് വന്ന ഷഹബാസ് നദീം 13 പന്തുകൾ നേരിട്ടെങ്കിലും റൺ ഒന്നും എടുക്കാതെ മടങ്ങി. 59ാം ഓവറിൽ ബുമ്രയെ ജോഫ്ര ആർച്ചറും പുറത്താക്കിയതോടെ ഇന്ത്യൻ പരാജയം പൂര്‍ത്തിയായി. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ജയിംസ് ആൻഡേഴ്സൻ മൂന്നും ഡോം ബെസ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 178 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടെസ്റ്റില്‍ അശ്വിന്റെ 28-ാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.