വാട്ട്സ്‌ആപ്പിന് ബദലായി കേന്ദ്രസര്‍ക്കാരിന്‍റെ ‘സന്ദേശ്’ ആപ്പ്

വാട്ട്സ്‌ആപ്പിന് ബദലായി കേന്ദ്രസര്‍ക്കാരിന്‍റെ ‘സന്ദേശ്’ ആപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ സ്വദേശി ആപ്പ് ഉപയോഗിച്ച്‌ തുടങ്ങിയതായും റിപ്പോര്‍ട്ട്. വാട്സ്‌ആപ്പ് ചാറ്റിന് സമാനമായ ആപ്പ് പുറത്തിറക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു.ആ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതായും തുടക്കത്തില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതായുമാണ് വിവരം.ചില മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയയ്ക്കുന്നതിനായി ജിംസ് (GIMS) അഥവാ Government Instant Messaging System എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം, സര്‍ക്കാര്‍ നിര്‍മ്മിച്ച ചാറ്റിംഗ് ആപ്പിന് ജിംസ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ സന്ദേശ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.വോയ്‌സ്, ഡാറ്റ എന്നിവയും ഇതു വഴി അയയ്ക്കാം. ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ എന്‍ഐസിയാണ് സന്ദേശ് ആപ്പ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.