മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം നല്‍കി സുപ്രിം കോടതി

ന്യൂഡൽഹി: ഷോയിൽ ‘ഹിന്ദു ദൈവങ്ങളെ’ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ജയിലിലായിരുന്ന കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം. ജസ്റ്റിസ് ആർഎഫ് നരിമാൻ, ബിആർ ഗവായ് എന്നിവർ അംഗങ്ങളായ സുപ്രിംകോടതി ബഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്ന് തവണ വിവിധ കോടതികൾ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസിൽ കോടതി മധ്യപ്രദേശ് സർക്കാറിന് നോട്ടീസയച്ചു. ഫാറൂഖിക്കെതിരെ യുപി സർക്കാർ പുറപ്പെടുവിച്ച വാറണ്ട് കോടതി സ്‌റ്റേ ചെയ്തു. കേസിലെ എഫ്‌ഐആർ അവ്യക്തമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. അറസ്റ്റിൽ സുപ്രിംകോടതി മാർഗനിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.

ജനുവരി 28ന് മധ്യപ്രദേശ് ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഫാറൂഖി സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പരിപാടി മതദ്വേഷം പരത്തുന്നതാണ് എന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ബിജെപി എംഎൽഎ മാലിനി ലക്ഷ്മൺ സിങ് ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയിൽ ജനുവരി രണ്ടിനാണ് ഫാറൂഖിയും സഹായി നളിൻ യാദവും അറസ്റ്റിലായത്. ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചു എന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്. കേസിൽ ജനുവരി ഇവർ അറസ്റ്റിലായത്.