റെനോയുടെ കോംപാക്‌ട് എസ് യു വിയായ കൈഗറിന്റെ ബുക്കിങ്ങ് ആരംഭിച്ചു

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിച്ച കോംപാക്‌ട് എസ്.യു.വി. വാഹനമായ ‘കൈഗറി’ന്റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ബുക്കിങ്ങ് തുകയായി സ്വീകരിക്കുന്നത്. മാര്‍ച്ച്‌ മാസത്തോടെ കൈഗര്‍ നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവതരണ വേളയിലായിരിക്കും വില പ്രഖ്യാപിക്കുക. റെനോയുടെ അനുബന്ധ കമ്ബനിയായ നിസാന്‍ അടുത്തിടെ നിരത്തിലെത്തിച്ച മാഗ്‌നൈറ്റ് എസ്.യു.വിയുമായി മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പങ്കുവെച്ചാണ് കൈഗര്‍ വിപണിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ മാഗ്‌നൈറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിലയായിരിക്കും കൈഗറിനെന്നും സൂചനകളുണ്ട്. ഇന്ത്യയിലെ കോംപാക്‌ട് എസ്.യു.വി. ശ്രേണിയില്‍ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മോഡലായാണ് നിസാന്‍ മാഗ്‌നൈറ്റ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.