പ്രതിസന്ധിയിൽ കർഷകർ ; കിലോയ്ക്ക് ഒരു രൂപ മാത്രം; 10 ക്വിന്‍റല്‍ കോളിഫ്ലവര്‍ കര്‍ഷകന്‍ റോഡിലുപേക്ഷിച്ചു

കഷ്ടപ്പെട്ട് നട്ടുനനച്ച് കൃഷി ചെയ്ത കോളിഫ്ലവറുകള്‍ക്ക് കിലോയ്ക്ക് ഒരു രൂപ മാത്രമാണ് വില ലഭിക്കുക എന്നറിഞ്ഞ കര്‍ഷകന്‍ അവ റോഡില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം.ജഹനബാദ് സ്വദേശിയായ മുഹമ്മദ് സലീം എന്നയാളാണ് പിലിഭിതിലുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ക്യാമ്പസിനു സമീപം താന്‍ കൃഷി ചെയ്ത കോളിഫ്ലവർ ഉപേക്ഷിച്ചത്. ജനങ്ങള്‍ ഇവ അതിവേഗം ശേഖരിച്ച് വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.അര ഏക്കർ സ്ഥലത്തായിരുന്നു മുഹമ്മദ് സലീമിന്‍റെ കോളിഫ്ലവർ കൃഷി. വിത്തിന് മാത്രം 8000 രൂപ ചെലവായി. വിത്തിടാനും നനയ്ക്കാനും വളം ചെയ്യാനുമുള്ള ചെലവ് വേറെ. വിളവെടുപ്പിനും മാർക്കറ്റിൽ എത്തിക്കാനുമുള്ള വാഹന വാടകക്കുമായി ചെലവായത് 4000രൂപ.

നിലവിൽ കോളിഫ്ലവറിന് ചില്ലറവില 12–14 രൂപയാണ്. താൻ ഉൽപാദിപ്പിച്ച കോളിഫ്ലവറിന് 8 രൂപയെങ്കിലും കിട്ടുമെന്ന് സലീം പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിലോക്ക് ഒരു രൂപയെന്ന് കേട്ടപ്പോള്‍ തനിക്ക് പിന്നെ മറ്റ് വഴിയുണ്ടായില്ലെന്ന് പറയുന്നു സലീം. വീട്ടിലേക്കു തിരികെ കൊണ്ടുപോകുന്നതിനുള്ള ചെലവ് കൂടി താങ്ങാൻ കഴിയാത്തതുകൊണ്ടാണ് റോഡിൽ ഉപേക്ഷിച്ചത്, സലീം പറഞ്ഞു.അടുത്ത തവണ കൃഷി ഇറക്കാനുള്ള മുടക്കു മുതല്‍ പോലും കിട്ടിയില്ല. സ്വകാര്യ ബാങ്കില്‍ നിന്ന് വന്‍തുകയ്ക്ക് ലോണ്‍ എടുത്തതാണ്. സാധാരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. ഇനി കുടുംബം പോറ്റാന്‍ കൂലിപ്പണി എടുക്കേണ്ടി വരേണ്ടി വരുന്ന അവസ്ഥയാണെന്നും സലീം പറയുന്നു.എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് എപിഎംസി സെക്രട്ടറി പറഞ്ഞു. അടിസ്ഥാന താങ്ങുവില പദ്ധതിയിൽ കോളിഫ്ലവര്‍ ഉൾപ്പെട്ടിട്ടില്ല എന്നതാണ് വിലക്കുറവിനു കാരണമെന്ന് എപിഎംസി അറിയിച്ചു.