ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എ.ടി.കെ ബഗാനെതിരെ 2 ഗോളിനു മുന്നി‍ൽ നിന്നിട്ടും 3 ഗോൾ വഴങ്ങി തോൽവിയേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് അതിന്‍റെ ആഘാതം ഇതുവരേയും മാറിയിട്ടില്ല. നിലവില്‍ 15 കളികളില്‍ നിന്ന് മൂന്ന് ജയവും ആറ് സമനിലകളും ആറ് തോല്‍വിയുമായി 15 പോയിന്‍റാണ് കേരളത്തിന്‍റെ സമ്പാദ്യം.

മറുവശത്ത് മുംബൈ ആകട്ടെ 14 കളികളില്‍ നിന്ന് ഒന്‍പത് വിജയവും മൂന്ന് സമനിലകളും രണ്ട് തോല്‍വിയുമടക്കം 30 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. കരുത്തരായ മുംബൈക്കെതിരെ ആദ്യ മല്‍സരത്തില്‍ കേരളം രണ്ട് ഗോളിന് തോറ്റിരുന്നു. എന്നാല്‍ അവസാന നാലിലെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിന് ഈ മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാനാകില്ല.

അതേ സമയം ഐ.എസ്.എല്ലില്‍ റഫറിയിങ് സംബന്ധിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്സിന്‍റെ ആരാധക സമൂഹമായ മഞ്ഞപ്പട ഫിഫക്ക് പരാതി നല്‍കിയിട്ടുണ്ട്.