വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫി നടന്ന അതേ വേദികളിലാവും വിജയ് ഹസാരെ ട്രോഫി മത്സരങ്ങളും നടക്കുക. ടി-20 ടൂർണമെൻ്റിനായി ഇവിടങ്ങളിൽ നേരത്തെ ബയോ ബബിൾ സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും ഇവിടെ ബയോ ബബിൾ ഒരുക്കുക എന്നത് താരതമ്യേന എളുപ്പമായിരിക്കും എന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.

മുംബൈ, ബാംഗ്ലൂർ, ബറോഡ, കൊൽക്കത്ത, ഇൻഡോർ എന്നിവിടങ്ങളിലാവും മത്സരങ്ങൾ. ചെന്നൈയിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്നതിനാൽ കേരളവും മത്സരങ്ങൾക്ക് വേദിയാവും. തിരുവനന്തപുരത്തോ വയനാട്ടിലോ ആയിരിക്കും വേദി. നോക്കൗട്ട് മത്സരങ്ങൾ മറ്റൊരു വേദിയിലാവു നടക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫി നോക്കൗട്ട് മത്സരങ്ങൾ അഹ്മദാബാദിലാണ് നടന്നത്. എന്നാൽ, അവിടെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടക്കുന്നതു കൊണ്ട് തന്നെ മറ്റൊരു വേദിയിലാവും മത്സരങ്ങൾ.

ഇതോടൊപ്പം വനിതകളുടെ ഏകദിന ടൂർണമെൻ്റും ഫെബ്രുവരി 18 മുതൽ ആരംഭിക്കും. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാവും മത്സരങ്ങൾ.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൻ്റെ 87 വർഷങ്ങളിൽ ആദ്യമായി രഞ്ജി മത്സരങ്ങൾ റദ്ദാക്കിയാണ് വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസി ഐക്ക് മുന്നിലുണ്ടായിരുന്ന വഴി. എന്നാൽ ഇതിന് ചെലവ് കൂടുതലാകുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.