പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ഭ്രമത്തിലേക്ക് ഉണ്ണി മുകുന്ദനും

ഛായാഗ്രാഹകനായ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമത്തിലേക്ക് ഉണ്ണി മുകുന്ദനും. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ ജോയിന്‍ ചെയ്തതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരമെത്തിയത്. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ഭ്രമത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഇതാദ്യമായാണ് ഉണ്ണി മുകുന്ദനും പൃഥ്വിരാജും ഒരുമിച്ച് അഭിനയിക്കുന്നത്. നേരത്തെ പതിനെട്ടാം പടിയില്‍ അതിഥി താരങ്ങളായി ഇരുവരുമെത്തിയിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവുമായാണ് ഉണ്ണിയെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിയെ കണ്ടതിനെക്കുറിച്ചും ഇന്നും അത് പോലെ തന്നെയാണ് അദ്ദേഹമെന്നും താരം പറയുന്നു.

ഈയൊരെണ്ണം വളരെ സ്പെഷ്യലാണ്. ബ്രഹ്മം’ സിനിമയിൽ ജോയിൻ ചെയ്തു. എന്റെ ഓർമ്മ ശരിയാണെങ്കിൽ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള എന്റെ ആദ്യത്തെയും, ആകെ എന്റെ കൈയ്യിലുള്ളതുമായ ചിത്രം ഇതാണ്. ഒരു ചെറിയ ത്രോബാക്ക് എന്ന് പറ‍ഞ്ഞാണ് ഉണ്ണി പൃഥ്വിരാജിനെക്കുറിച്ച് വാചാലനായത്.

വർഷങ്ങൾക്ക് മുൻപ്, ഞാൻ അഭിനയം തുടങ്ങുന്ന സമയത്ത്, ഒരു ക്രിക്കറ്റ് മാച്ചിന് ശേഷമുള്ള ഒരു ചെറിയ ഗെറ്റ്-ടുഗദറിൽ ഞാൻ പങ്കെടുത്തിരുന്നു. ഒരു ഓട്ടോറിക്ഷയിലായിരുന്നു ഞാൻ ഈ പരിപാടിക്കെത്തിയത്. എന്റെ കൈവശം അപ്പോൾ വണ്ടിയൊന്നുമില്ലായിരുന്നു. ശേഷം, രാത്രി ഏറെ വൈകി, എല്ലാവരും മടങ്ങുന്ന സമയത്ത് പൃഥ്വി മാത്രമാണ് എന്നോട് വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞുകൊണ്ട് റൈഡ് ഓഫർ ചെയ്തത്.