സൂപ്പര്‍ താരം ലയണൽ മെസിയുടെ കരാറിന്റെ പകർപ്പ് സ്‌പാനിഷ് മാധ്യമത്തിന് ചോര്‍ത്തി നല്‍കിയത് തങ്ങളല്ലെന്ന് ബാഴ്‌സലോണ. ലയണൽ മെസിയുടെ കരാറിന്റെ പകർപ്പ് സ്‌പാനിഷ് മാധ്യമമായ എൽ മുണ്ടോ പ്രസിദ്ധീകരിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏതൊരു കായികതാരത്തിനും ലഭിച്ചതിൽ വച്ചേറ്റവും വലിയ കരാറാണ് മെസിയുടേതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2017 നവംബറിൽ ഒപ്പിട്ട കരാറില്‍ ഈ സീസണ്‍ അവസാനിക്കുന്നത് വരെയുള്ള വിവരങ്ങളാണ് എൽ മുണ്ടോ പുറത്തുവിട്ടത്.
റിപ്പോർട്ട് അനുസരിച്ച് 4 സീസണുകളിലേക്ക് 555 ദശലക്ഷം യൂറോ യാണ് (ഏകദേശം 4911 കോടി രൂപ) മെസ്സിയുടെ പ്രതിഫലം.
നിശ്ചിത വേതനത്തിനു പുറമേ അലവൻസുകൾ സഹിതം പ്രതിവർഷം 138 ദശലക്ഷം യൂറോ (ഏകദേശം 1221 കോടി രൂപ) മെസ്സിക്കു ലഭിക്കുന്ന വിധത്തിലാണ് ഈ കരാർ. ലോകത്ത് ഒരു കായികതാരത്തിനു കിട്ടുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിതെന്നും പത്രം റിപ്പോർട്ട് ചെയ്തു. താരത്തിനു ക്ലബ് നൽകേണ്ട തുക മാത്രമാണിത്. പരസ്യവരുമാനം വേറെ.
ഈ സീസൺ അവസാനത്തോടെ കാലാവധി അവസാനിക്കുന്ന കരാറിൽ പറയുന്ന തുകയിൽ 510 ദശലക്ഷം യൂറോ ഇതിനകം മെസ്സി കൈപ്പറ്റിക്കഴിഞ്ഞതായും രേഖയുണ്ട്. സ്പെയിനിലെ നിയമം അനുസരിച്ച് ഈ തുകയുടെ പകുതി മെസ്സി നികുതി അടയ്ക്കണം.
ജോസഫ് മരിയ ബർതോമ്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഇടക്കാല ഭരണസമിതിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ക്ലബ്. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാർച്ച് 7ന് നടക്കുന്നതിനു മുന്നോടിയായാണ് ബാർസിലോന ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യം വിശദമാക്കുന്ന രേഖകൾ പരസ്യമായതെന്നു കരുതുന്നു. വൻതുക പ്രതിഫലം വാങ്ങുമ്പോഴും മെസ്സി ബാർസിലോനയ്ക്കായി 30 കിരീടങ്ങൾ നേടിക്കൊടുത്തെന്ന വിശദീകരണവുമുണ്ട്.
ഈ സീസൺ അവസാനത്തോടെ അവസാനിക്കുന്ന കരാർ പുതുക്കാൻ മെസ്സിയും കോവിഡ് മൂലം വൻ സാമ്പത്തിക പ്രതിസന്ധിയിലായ ബാർസ മാനേജ്മെന്റും തയാറാവില്ലെന്നാണു സൂചന.