ഒമ്പതാം ക്ലാസ്സ്‌ വരെ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാൻ സാധ്യത;വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കൽ (ഓൾ പ്രമോഷൻ), ഒമ്പതിൽ കൂടി നടപ്പാക്കാനാണ് ആലോചന. ഒമ്പതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കും. വരുന്ന മാസങ്ങളിൽ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്.
കുട്ടിയുടെ പഠനനിലവാരത്തെ അളക്കാൻ രണ്ടുതരം ഉപാധികളാണ് അവലംബിച്ചു വന്നിരുന്നത്. നിരന്തര മൂല്യനിർണയം( കണ്ടിന്യുവസ് ഇവാല്യുവേഷൻ), പാദാന്ത പരീക്ഷ (ടേമിനൽ ഇവാല്യുവേഷൻ) എന്നിവയാണവ. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ തുറക്കാത്തതിനാൽ പാദാന്ത പരീക്ഷ നടത്തുക സാധ്യമല്ല. ഓൺലൈൻ സംവിധാനത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് പരീക്ഷ നടത്താനും പ്രായോഗിക തടസ്സങ്ങളുണ്ട്. എന്നാൽ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ നടന്നു വന്ന ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനത്തിൽ കുട്ടികളെ വിലയിരുത്തി നിരന്തര മൂല്യനിർണയം അധ്യാപകർ നടത്താനുള്ള നിർദേശമാണ് ക്ലാസ് കയറ്റത്തിനുള്ള ഉപാധിയായി ഉയർന്നു വരുന്നത്. സംസ്ഥാനത്തെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടേയും കൈവശം ഒന്നാം ടേമിലെ വർക്ക് ബുക്കുകൾ എത്തിച്ചിരുന്നു. സമഗ്ര ശിക്ഷ അഭിയാൻ വഴിയാണ് വർക്ക് ബുക്കുകൾ എത്തിച്ചത്. അധ്യാപകർ ഇത് കുട്ടികളിൽ എത്തിച്ച് എഴുതി വാങ്ങിയിരുന്നു. ഇതുപോലുള്ള പ്രവർത്തനം വരും മാസങ്ങളിൽ ഒമ്പതു വരെയുള്ള ക്ലാസുകളിലും നടത്താനാണ് ആലോചിക്കുന്നത്.

.