ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്ക്; ‘ഗൂഗിള്‍ കുട്ടപ്പന്‍’

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴിലേക്ക്.’ഗൂഗിള്‍ കുട്ടപ്പന്‍’ എന്ന പേരിലാണ് ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നത്. സംവിധായകനും നടനുമായ കെ.എസ്. രവികുമാറാണ് സുരാജ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന റോളുകളില്‍.യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകും.

പത്തു വര്‍ഷത്തിലേറെ കാലമായി രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തര്‍ഷാന്‍ അവതരിപ്പിക്കുക.ചിത്രത്തിന്റെ പൂജ ചടങ്ങുകളും നടന്നു. ഫെബ്രുവരി 15 മുതല്‍ തെങ്കാശി, കുത്രലം എന്നിവിടങ്ങളിലായി ഷൂട്ടിങ് ആരംഭിക്കും. രവി കുമാര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.മികച്ച നടനും പുതുമുഖ സംവിധാനത്തിനും ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ തമിഴ് റീമേക്ക് ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍.