ബൈപ്പാസ് പ്രവൃത്തിക്കിടെ മർദനം

തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തിയുടെ അനുബന്ധമായി ജലവിതരണ പൈപ്പിന്റെ ജോലിചെയ്യുകയായിരുന്ന പ്ലംബർക്ക് രണ്ടുപേരുടെ മർദനത്തിൽ പരിക്കേറ്റു. വടക്കുമ്പാട് കുന്നുമ്മീത്തൽ ഹൗസിലെ ഷാഹുലി(44)നാണ് തലയ്ക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11-ഓടെ പള്ളൂർ സബ് സ്റ്റേഷന് സമീപം പള്ളൂർ നടവയലിൽ ജലവിതരണ പൈപ്പിന്റെ ജോലി ചെയ്യുമ്പോഴാണ് സംഭവം.

ജോലിചെയ്യരുതെന്നുപറഞ്ഞ് രണ്ടുപേർ തടസ്സപ്പെടുത്തുകയും വാക്കേറ്റമുണ്ടാക്കി മരത്തടികൊണ്ട് തലയ്ക്കും കൈക്കും മറ്റും അടിക്കുകയും ചെയ്തതായാണ് പരാതി.സംഭവത്തിൽ സബ് സ്റ്റേഷന് സമീപത്തെ ബന്ധുക്കളായ പെരിയാണ്ടിയിൽ ഹൗസിൽ ദിനേശൻ, കെ.ടി.കെ. രാജേഷ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. ഷാഹുൽ തലശ്ശേരി മിഷൻ ആസ്പത്രിയിൽ ചികിത്സയിലാണ്. പ്ലംബിങ്‌ ജോലി തടസ്സപ്പെട്ടതോടെ കുറേ വീടുകളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതായി പരാതിയുണ്ട്.