എ. ​വി​ജ​യ​രാ​ഘ​വ​ന്‍ സം​സ്ഥാ​ന​ത്ത് വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ സം​സ്ഥാ​ന​ത്ത് വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ജ​യ​രാ​ഘ​വ​ന്‍ വാ​ തു​റ​ന്നാ​ല്‍ വ​ര്‍​ഗീ​യ​ത മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും ഇ​തി​ന് കൂ​ട്ടു​നി​ല്‍​ക്കു​ന്നു.രണ്ടു വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണവും നടത്താന്‍ സിപിഎമ്മിന് മടിയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗീയ ചേരിതിരുവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സിപിഎം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലീ​ഗു​മാ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ച​ര്‍​ച്ച​യെ വ​ര്‍​ഗീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം. എ​ന്നാ​ല്‍ ഇ​ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വി​ല​പ്പോ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​വ​ഴി പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത​തി​നെ​യും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടു പോയി മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദര്‍ശനലക്ഷ്യമെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയരാഘവനെ രൂക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ‘എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച്‌ കൊണ്ടു പോകേണ്ട സര്‍ക്കാര്‍ വര്‍ഗീയ പ്രചാരണത്തിന് കുടപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. കോണ്‍ഗ്രസും യുഡിഎഫും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയാല്‍ അതില്‍ വര്‍ഗീയത കണ്ടെത്താന്‍ ഇടുങ്ങിയ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ കഴിയൂ. അത് കേരളം അംഗീകരിക്കില്ല.’- ചെന്നിത്തല പറഞ്ഞു.