അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് സേനയുടെ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സേന

അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് സേനയുടെ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സേന. സിക്കിമിലെ നാഥു-ലായില്‍ ഇരു സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരുപത് ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് വിവരം. നാഥുലയില്‍ ഇന്ത്യന്‍ മേഖലയിലേക്ക് പ്രവേശിക്കാനുള്ള ചൈനിസ് സൈനികരുടെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുക്കുകയായിരുന്നു. ചൈനയുടെ ഒരു പട്രോള്‍ സംഘം അവിചാരിതമായി നിയന്ത്രണ രേഖ മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ചൈനിസ് സേന തുടങ്ങിയതോടെ ഇന്ത്യന്‍ സൈനികര്‍ ഇത് തടഞ്ഞു. ചൈനിസ് സൈനികരുടെ കടന്നുകയറ്റം ഫലപ്രദമായ് തടയാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് ഇപ്പോള്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.