തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ 41 മുതല്‍ 43 വരെയുള്ള മൂന്ന് പേജുകള്‍ നിരാകരിക്കണമെന്നാണ് സഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
വിശദീകരണം കേള്‍ക്കാതെ സി.എ.ജി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സി.എ.ജി നടപടി കേരളാ നിയമസഭയുടെയും സര്‍ക്കാറിന്‍റെയും മേലുള്ള കടന്നുകയറ്റമാണ്. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്. കിഫ്ബിയുടെ ധനകാര്യ മാതൃകയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തയാറാക്കിയതാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ പ്രമേയത്തെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കീഴ് വഴക്കം ലംഘിക്കുന്നതും ഭരണഘടന വിരുദ്ധവുമാണ് പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്ന നടപടിയാണിത്. പ്രമേയം പാസാക്കാന്‍ നിയമസഭക്ക് എന്ത് അധികാരമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യാത്ത നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കുന്നു. പ്രമേയത്തില്‍ നിന്ന് പിന്മാറാന്‍ സ്പീക്കര്‍ ആവശ്യപ്പെടണം. സഭയുടെ പാരമ്ബര്യത്തെ തകര്‍ക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.
സി.എ.ജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രമേയം കൊണ്ടു വരുന്നത്. നിയമസഭയില്‍ വെക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കമ്മിറ്റി പരിഗണിക്കുന്ന വേളയില്‍ റിപ്പോര്‍ട്ടിനെതിരായ അഭിപ്രായം സി.എ.ജി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് അറിയിക്കാന്‍ സാധിക്കും. എന്നാല്‍, റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ നിരാകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് കീഴ് വഴക്കമില്ലാത്ത നടപടിയാണ്.