സ്​പീക്കര്‍ക്കെതിരായ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന്​ സഭയില്‍ ഭൂരിപക്ഷം കിട്ടാത്തതിനാല്‍ തള്ളി. ആരോപണ വിധേയനായ സ്​പീക്കര്‍ തല്‍സ്​ഥാനത്ത്​ നിന്ന്​ മാറി നില്‍ക്കാത്തതില്‍ പ്രതിഷേധിച്ച്‌​ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.

വളരെ അപൂര്‍വമായാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം ഉയര്‍ന്നുവന്നിട്ടുള്ളത്. ഡോളര്‍ കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്​. ഇതിന് മുന്നോടിയായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയാണ് സഭ നിയന്ത്രിച്ചത്​.

 

എം. ഉമ്മര്‍ എം.എല്‍.എയാണ്​ പ്രമേയം അവതരിപ്പിച്ചത്​. സ്​പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത്​ ദൗര്‍ഭാഗ്യകരണമാണെന്ന്​ പറഞ്ഞാണ്​ ഉമ്മര്‍ എം.എല്‍.എ പ്രമേയം തുടങ്ങിയത്​. അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്​ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്​ട്രീയപ്രേരിതമോ വ്യക്​തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ്​പീക്കറെ നീക്കണമെന്നും എം. ഉമ്മര്‍ പറഞ്ഞു.

വസ്​തുതകളുടെ പിന്‍ബലമില്ലാത്ത പ്രമേയമാണ്​ അവതരിപ്പിച്ചതെന്നും പ്രതിപക്ഷത്തി​ന്‍റെ നീക്കം രാഷ്​ട്രീയ പ്രേരിതമാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സംശയത്തിന്‍റെ പൊടി പോലും അവശേഷിക്കരുതെന്ന്​ ഭരണപക്ഷത്തിന്​ നിര്‍ബന്ധമുള്ളതുകൊണ്ടാണ്​ പ്രമേയത്തിന്​ അവതരണാനുമതി ലഭിച്ചതെന്ന്​ എസ്​. ശര്‍മ്മ പറഞ്ഞു.

ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പ്രമേയ അവതരണത്തെ പിന്തുണച്ചു.

പ്രമേയം തള്ളണമെന്ന്​ സ്​പീക്കര്‍ ശ്രീരാമകൃഷ്​ണന്‍ ആവശ്യപ്പെട്ടു. തല്‍സ്​ഥാനത്ത്​ നിന്ന്​ മാറിനില്‍ക്കാന്‍ സ്​പീക്കര്‍ തയാറാകാത്തതില്‍ പ്ര തിഷേധിച്ച്‌​ സഭ വിടുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പ്രഖ്യാപിക്കുകയായിരുന്നു. ഉടനെ പ്രതിപക്ഷാംഗങ്ങള്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ സഭവിട്ടിറങ്ങി. പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിന്​ സഭയില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തള്ളുകയാണെന്ന്​ ഡെപ്യൂട്ടി സ്​പീക്കര്‍ വി.ശശി പ്രഖ്യാപിച്ചു.