ഓർമയായത് മലയാള സിനിമയുടെ മുത്തച്ഛന്‍

മലയാള സിനിമയുടെ മുത്തച്ഛന്‍ കഥാപാത്രത്തിന്‍റെ മുഖമാണ് ഓർമയായത്. സിനിമയുടെ മൊത്തം കോമഡി ട്രാക്കിന്‍റെ ഭാഗമായിരുന്നു അദ്ദേഹമവതരിപ്പിച്ച മുത്തച്ഛന്‍ കഥാപാത്രങ്ങളൊക്കെയും. കല്യാണരാമനിലെ മുത്തച്ഛന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദേശാടനത്തിലെ മുത്തച്ഛന്‍ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാള സിനിമയില്‍ ആദ്യമായി സാന്നിധ്യം കുറിക്കുന്നത്. 1996ലാണ് ദേശാടനം റിലീസ് ചെയ്തത്. ആ വര്‍ഷത്തെ ദേശീയ പുരസ്കാരവും ദേശാടനത്തിനായിരുന്നു.

അങ്ങനെ ഒരു അവധിക്കാലത്ത്, കൈക്കുടന്ന നിലാവ്, ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, മധുരനൊമ്പരക്കാറ്റ്, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായാണ് അദ്ദേഹം യാത്രയായത്.  പമ്മൽ കെ. സംബന്ധം എന്ന തമിഴ് ചിത്രത്തിൽ കമൽ ഹാസനൊപ്പവും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിൽ മമ്മൂട്ടിക്കൊപ്പവും, ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പവും തമിഴകത്തെത്തി.