കായംകുളത്ത് മത്സരിക്കാനില്ല; അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി ജി സുധാകരന്‍. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നും തന്നെ കാലുവാരി തോല്‍പ്പിച്ച സ്ഥലമാണ് കായംകുളമെന്നും ആ സംസ്കാരം അവിടെ ഇപ്പോഴും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും കായംകുളത്ത് പാര്‍ട്ടി വീണ്ടും ജയിക്കുമെന്നും കായംകുളത്തെ എം എല്‍ എ കാര്യങ്ങള്‍ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും ജി സുധാകരന്‍ അവകാശപ്പെട്ടു.

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും എന്നാല്‍ താന്‍ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളം മുട്ടേല്‍ പാലം ഉദ്ഘാടനത്തിലെ പോസ്റ്റര്‍ വിവാദത്തോടും മന്ത്രി പ്രതികരിച്ചു. ഉദ്ഘാടന ചടങ്ങിന്റെ പോസ്റ്ററില്‍ സ്ഥലം എം എല്‍ എ യു പ്രതിഭയെ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു. വിവരമില്ലാത്തവരാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നും എം എല്‍ എയുടെ കൂടി ഇടപെടലിലാണ് പാലം നിര്‍മ്മിച്ചതെന്നും മന്ത്രി പറഞ്ഞു.