കൊച്ചി: ഒരിക്കല്‍ വിധി വന്ന കേസായതിനാല്‍ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് കാലതാമസമുണ്ടായേക്കും. സിബിഐ അന്വേഷണ വിജ്ഞാപനമിറക്കാന്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതിയെ സമീപിച്ചേക്കുമെന്നാണ് നിയമവകുപ്പില്‍ നിന്നുളള വിവരം.
വാളയാര്‍ കേസില്‍ വിചാരണ കോടതിയായ പാലക്കാട് പോക്‌സോ കോടതിയുടെ വിധി മുന്‍പ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ പ്രാധമികാന്വേഷണം നടത്തിയ പൊലീസിനെയും പ്രോസിക്യൂട്ടര്‍മാരെയും മുതല്‍ കേസ് വിധി പറഞ്ഞ പോക്‌സോ കോടതി ജഡ്‌ജിമാര്‍ക്ക് പരിശീലനം നല്‍കണമെന്നുവരെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസ് തുടര്‍വിചാരണ നടത്താനും ഉത്തരവായിരുന്നു. കേസില്‍ പൊലീസിന്റെ അന്വേഷണം വിശ്വാസമില്ലാത്തതിനാല്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളും വാളയാര്‍ സമരസമിതിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് സമ്മതമേകി.
ഇന്ന് വാളയാറിലെ മൂത്ത പെണ്‍കുട്ടിയുടെ നാലാം ചരമവാര്‍ഷിക ദിനമാണ്. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ ഇന്ന് സത്യാഗ്രഹം നടത്തുകയുമാണ്. കുടുംബത്തിനൊപ്പമുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ പക്ഷെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സഹായിക്കുന്നെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. കേസ് അട്ടിമറിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യവുമായി ജനുവരി 26 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും.