പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവം: പ്രതി പിടിയില്‍

 

പാലക്കാട് നഗരസഭാ ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബി.ജെ.പിയുടെ പതാക കെട്ടിയയാള്‍ പൊലീസ് പിടിയിലായി. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും മാാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും പോലീസ് പറയുന്നു. പതാക കിട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നില്‍ നിന്നെന്നാണ് പ്രതി നല്‍കിയ മൊഴി

ശനിയാഴ്ച്ച രാവിലെ 7.45 നാണ് ബി.ജെ.പി ഗാന്ധി പ്രതിമയ്ക്ക് മേല്‍ കൊടി കെട്ടിയത്. ചാടി കടന്ന് ഗാന്ധി പ്രതിമക്ക് മുമ്പിലേക്ക് നടന്ന പ്രതി കോണി വഴി മുകളില്‍ കയറി ബി.ജെ.പി പതാക പ്രതിമയില്‍ കെട്ടിവെക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നുംവ്യക്തമാണ്. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബി.ജെ.പിയുടെ കൊടി കെട്ടിയത്.
പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിച്ചാണ് പോലിസ് ആളെ കണ്ടെത്തിയത്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് പ്രതിയെ കണ്ടെത്തിയത്.

ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കണ്ടതിനെ തുടര്‍ന്ന് കെഎസ് യുവും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍  സംഭവത്തില്‍ പങ്കില്ലെന്നും സാമൂഹ്യവിരുദ്ധരാണ് കൊടികെട്ടിയതിന് പിന്നിലെന്നുമാണ് ബിജെപി പ്രതികരിച്ചത്.