ഇരിട്ടി : യു ഡി എഫ് സ്ഥാനാർത്ഥി ജോർജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച അവസാനിച്ചു. ജനുവരി 21 നാണ് ഡിവിഷനിലെ തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഒരാൾ പത്രിക പിൻവലിച്ചതോടെ ഏഴു പേരാണ് മത്സര രംഗത്ത് ഉള്ളത് .
യു ഡി എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ലിൻഡ ജെയിംസും, എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എമ്മിലെ അഡ്വ. ബിനോയ് കുര്യനും , എൻ ഡി എ സ്ഥാനാർത്ഥിയായി ബി ജെ പി യിലെ കെ. ജയപ്രകാശുമാണ് മത്സരിക്കുന്നത്. ഇവരെക്കൂടാതെ മൈക്കിൽ തോമസ് (ജെ എസ് എസ്), സ്വാതന്ത്രന്മാരായി നരായണകുമാർ, ലിൻഡ, എം. ലിൻഡ എന്നിവരും മത്സര രംഗത്ത് ഉണ്ട് .
ആറളം, തില്ലങ്കേരി പഞ്ചായത്ത് വാർഡുകൾ പൂർണ്ണമായും, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളും, പായം പഞ്ചായത്തിലെ രണ്ട് വാർഡുകളും , മുഴക്കുന്ന് പഞ്ചായത്തിന്റെ ഏഴ് വാർഡുകളും ചേർന്നതാണ് ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ. ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ ആറളം പഞ്ചായത്തിൽ ഇരുമുന്നണികളും എട്ടു വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പമാണ്. തില്ലങ്കേരിയിൽ 13 വാർഡുകളിൽ ഒൻമ്പതെണ്ണത്തിൽ എൽ ഡി എഫും , രണ്ട് വാർഡുകൾ വീതം യു ഡി എഫിനും ബി ജെ പിക്കുമാണ്. പായം പഞ്ചായത്തിലെ രണ്ട് വാർഡുകളും എൽ ഡി എഫിന്റെ കൈകളിലാണ്. മുഴക്കുന്നിലെ ഏഴു വർഡുകളിൽ ആറും എൽ ഡി എഫിന്റെ കൈയ്യിലാണ്. അയ്യൻകുന്നിൽ യു ഡി എഫിനാണ് മേൽക്കൈ.
ഇരു പക്ഷത്തോടും കിടപിടിക്കാവുന്ന സ്ഥാനാർത്ഥിയാണ് ബി ജെ പി ജില്ലാ സിക്രട്ടറി കൂടിയായ കൂട്ട ജയപ്രകാശ്. ഇക്കുറി ബി ജെ പി പിടിക്കുന്ന വോട്ടുകൾ ഇരു പക്ഷത്തിനും നിർണ്ണായകമാകും. പ്രചരണം കൊഴുക്കുന്നതിനിടെ ബി ജെ പി , എൽ ഡി എഫ് സ്ഥാനാർഥികൾ നേരത്തെ തന്നെ ഒന്നും രണ്ടും ഘട്ട പ്രചരണം പൂർത്തിയാക്കിയിരുന്നു. യു ഡി എഫ് സ്ഥാനാർഥിയായ ലിൻഡ ജെയിംസും പ്രചരണം ശക്തമാക്കിക്കഴിഞ്ഞു . 21ന് രാവിലെ എഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 22ന് നടക്കും.