മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. സിബിഐ, ഇന്റര്‍പോള്‍ എന്നവിയുടെ സഹകരണവും തേടും.

തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍പോള്‍, സിബിഐ എന്നിവയുടെയും തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം നടത്തുക. ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലും പോലീസിനെ സഹായിക്കും.

മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ വായ്പ എടുത്തവരില്‍ ചിലര്‍ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.

അതേസമയം നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് സമന്‍സ് നല്‍കിയതില്‍ വീഴ്ചയില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ചട്ടലംഘനമെന്ന ആരോപണം കസ്റ്റംസ് നിഷേധിച്ചു.

നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയ സംഭവത്തെ അപലപിച്ച് കെ സി ജോസഫ് എംഎല്‍എ രംഗത്തെത്തി. സഭാ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നാണ് ആരോപണം. നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിരക്ഷ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് മാത്രം ബാധകമാണ്. ഇത് സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് കൂടി നടപ്പാനുള്ള സഭാ സെക്രട്ടറിയുടെ നീക്കം അതിശയകരമെന്നും കെ സി ജോസഫ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.