പച്ചക്കറി ഓണ്‍ലൈന്‍ വില്‍പന ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ
ഹരിത കേരളം മിഷന്‍; കൊവിഡ് കാല പച്ചക്കറി കൃഷി മത്സരം സമ്മാനദാനം നടന്നു
ചെറിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വില്‍പന ഉറപ്പുവരുത്തുന്നതിനായി പച്ചക്കറികളുടെ ഓണ്‍ലൈന്‍ വില്‍പന ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച കൊവിഡ് കാല പച്ചക്കറി കൃഷി മത്സരത്തിന്റെ സമ്മാനദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാവരും കൃഷിയുടെ ഭാഗമായപ്പോള്‍ എല്ലാ വീടുകളും ചെറിയ സ്റ്റാര്‍ട്ട് അപ്പുകളായി മാറിയെന്നും അവര്‍ പറഞ്ഞു.
ഹരിത കേരളം കണ്ണൂര്‍ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരി മാസം മുതല്‍ ആരംഭിച്ച പച്ചക്കറി കൃഷി മത്സരത്തില്‍ ജില്ലയിലെ അറുന്നൂറോളം കര്‍ഷകരാണ് പങ്കെടുത്തത്. പുരയിടം, മട്ടുപ്പാവ് എന്നീ ഇനങ്ങളിലായി പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളിലാണ് മത്സരം നടത്തിയത്. പുരയിട കൃഷിയില്‍ ജില്ലാ തലത്തില്‍ മായ ജോസഫ് നടുവില്‍ ഒന്നാം സ്ഥാനവും, മനോജ് മുണ്ടേരി രണ്ടാം സ്ഥാനവും, മട്ടുപ്പാവ് കൃഷി ജില്ലാ തലത്തില്‍ പ്രസന്നകുമാര്‍ കൂടാളി ഒന്നാം സ്ഥാനവും, രാജന്‍ മാസ്റ്റര്‍ മാങ്ങാട്ടിടം രണ്ടാം സ്ഥാനവും നേടി.
കണ്ണൂര്‍-കക്കാട് പാലക്കാടന്‍ സ്വാമി മഠം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ആകാശ വാണി കണ്ണൂര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് പി വി പ്രശാന്ത് കുമാര്‍ അധ്യക്ഷനായി. ‘കാര്‍ഷിക വികസനവും – കണ്ണൂരിന്റെ സാധ്യതകളും’ എന്ന വിഷയത്തെ ആസ്പദമാക്കി മയ്യില്‍ റൈസ് പ്രൊഡ്യൂസഴ്‌സ് കമ്പനി എം ഡി ടി കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, റിസോഴ്‌സ് പേഴ്‌സണ്‍ കെ നാരായണന്‍, അഭിജാത് എന്നിവര്‍ സംസാരിച്ചു.