കാർഷിക നിയമങ്ങൾ പിൻവലിക്കണം; കേന്ദ്ര സർക്കാരുമായി ചർച്ച ഇന്ന്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ഉപാധി മുന്നില്‍വച്ചാകും കേന്ദ്രസര്‍ക്കാരുമായുള്ള ഇന്നത്തെ ചര്‍ച്ചയെന്ന് കര്‍ഷക സംഘടനകള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുമെന്നും ലാർഷക സംഘടനകൾ അറിയിച്ചു . നാല് ഉപാധികളാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍വച്ചിരുന്നത്. ഇതില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ സമവായമുണ്ടായെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ നേരത്തെ വ്യക്തമാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ എന്ന ഒറ്റ അജന്‍ഡയില്‍ ചര്‍ച്ച നടത്താനാകും കര്‍ഷക സംഘടനകള്‍ ഇന്ന് ശ്രമിക്കുക. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.