അനിൽ പനച്ചൂരന്റെ മരണം; കേസെടുത്ത് പോലീസ്

 

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരന്റെ മരണത്തിൽ പോലീസ് കേസെടുത്തു . ഭാര്യ മായയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യും.മൃതദേഹം തിരുവനന്തപുരത്ത് നിന്നും സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകീട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കരണം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. 51 വയസായിരുന്നു.അനില്‍ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമാണ്. മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു. കായംകുളം പൊലീസ് തിരുവനന്തപുരത്തെത്തി അന്വേഷിക്കും

അനിൽ പനച്ചൂരന്റെ ‘ഒരു കവിത കൂടി’ എന്ന കവിത ജനഹൃദയങ്ങളിൽ ഇടം പിടിച്ചതാണ് .ലാൽജോസ് ചിത്രം അറബിക്കഥയിലെ ‘ചോര വീണ മണ്ണിൽ’, ‘തിരിക ഞാൻ വരുമെന്ന വാർത്ത’ എന്നീ പാട്ടുകള്‍ ഏറെ പ്രസിദ്ധമാണ്. കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്ന ഗാനവും ഹിറ്റായി. ഭ്രമരം, സീനിയേഴ്സ്, മാടമ്പി, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, ബോഡിഗാർഡ്, അർജുനൻ സാക്ഷി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലും ഗാനരചന നിർവഹിച്ചു.