തദ്ദേശ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ അബ്ദുര്‍ റഹ് മാന്‍ ഔഫ് കൊല്ലപ്പെട്ട സംഭവത്തില്‍ സാക്ഷികളില്‍ നിന്നും ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനാണ് വീണ്ടും മൊഴിയെടുക്കുന്നത്.
കൊല ചെയ്യപ്പെടുമ്ബോള്‍ ഔഫിന്റെ കൂടെയുണ്ടായിരുന്ന മുഹമ്മദ് ശുഹൈബ്, അസ്ലം, റഹീം എന്നിവരില്‍ നിന്നുമാണ് വീണ്ടും മൊഴിയെടുക്കുന്നത്. മൂവരും കേസിലെ ദൃക്‌സാക്ഷികളാണ്. അതേ സമയം വെള്ളിയാഴ്ച വൈകീട്ട് കേസില്‍ സുപ്രധാന തെളിവായ കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഒന്നാം പ്രതി ഇര്‍ശാദിന്റെ സാന്നിധ്യത്തില്‍ ഒരു മണിക്കൂറോളം നീണ്ട തിരച്ചിലില്‍ കണ്ടെത്തിയിരുന്നു.
ഔഫ് കൊല്ലപ്പെട്ട സ്ഥലത്തുനിന്നും 50 മീറ്റര്‍ മാറി മുണ്ടത്തോട് റോഡിന്റെ കിഴക്കുവശത്തുള്ള തെങ്ങിന്‍ തോപ്പില്‍ നിന്നും ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ ദാമോദരന്‍, സി ഐ അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്വിച്ചുള്ള മടക്കുകത്തി കണ്ടെടുത്തത്.
താന്‍ തനിച്ചാണ് കൊല നടത്തിയതെന്നാണ് ഇര്‍ശാദിന്റെ മൊഴി. ബാവ നഗര്‍ ഭാഗത്തേക്ക് ഔഫ് പോകുന്നത് കണ്ട് തിരിച്ചു വരുന്നത് വരെ കാത്തുനിന്നാണ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഇര്‍ശാദിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
മറ്റു പ്രതികളായ ഹസന്‍, ആശിര്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഡിവൈഎസ്പി കെ ദാമോദരന്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.