കോവിഡ് വാക്‌സീൻസൗജന്യമെന്ന പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ആരോഗ്യ പ്രവർത്തകരടക്കം മൂന്ന് കോടി പേർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യ വാക്സീൻ നൽകുകയെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. വാക്‌സീനേഷൻ ഒരുക്കങ്ങളുടെ ഭാഗമായി 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിൽ ഡ്രൈ റൺ നടന്നു.
കോവിഡ് വാക്‌സീനേഷൻ ഡ്രൈ റൺ നടക്കുന്നതിനിടയിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി രാജ്യത്താകെ വാക്‌സീൻ സൗജന്യമായിരിക്കുമെന്നു ആരോഗ്യമന്ത്രി ഹർഷ വർധൻ പ്രഖ്യാപിച്ചത്. എന്നാൽ ആദ്യ ഘട്ടത്തിലെ മൂന്ന് കോടി ആളുകൾക്കാണ് സൗജന്യ വാക്‌സീൻ നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നു ഹർഷവർധൻ വിശദീകരിച്ചു. ഒരു കോടി ആരോഗ്യപ്രവർത്തകർക്കും 2 കോടി മുൻഗണന പട്ടികയിൽ ഉള്ളവർക്കും വാക്‌സീൻ സൗജന്യമായി നൽകും.
രണ്ടാം ഘട്ടത്തിലെ 27 കോടി പേർക്ക് സൗജന്യ വാക്‌സീൻ നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. പോളിയോയ്ക്ക് ശേഷം ലോകം കാണാനിരിക്കുന്ന ഏറ്റവും വലിയ വാക്‌സീനേഷന് രാജ്യം സജ്ജമായി. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിളുമായി 259 കേന്ദ്രങ്ങളിൽ ഡ്രൈ റൺ നടന്നു. വാക്സീൻ വിതരണ സംവിധാനം, വിവരങ്ങൾ അപ് ലോഡ് ചെയ്യൽ, വാക്സീനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ , വാക്സീൻ കുത്തി വെക്കുന്നതിനുള്ള പരിശീലനം എന്നിവയാണ് ഡ്രൈ റണ്ണിലൂടെ വിലയിരുത്തിയത്.
ആദ്യ ഘട്ട വാക്സീനേഷൻ പൂർത്തിയാക്കാൻ ആറ് മുതൽ എട്ട് മാസം വരെ എടുക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ വ്യക്തമാക്കി. സിറം ഇൻസ്റ്റിറ്യുട്ട് നിർമിക്കുന്ന കോവിഷിൽഡ് വാക്‌സീന്റെ അനുമതിയിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഉടൻ തീരുമാനമെടുക്കും. അതെസമയം രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം 1 കോടിയിലേക്ക് എത്തുകയാണ്.