കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കർഷകസംഘടനകൾ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കും വരെ പ്രക്ഷോഭം തുടരാനും തീരുമാനിച്ചിരിക്കുകയാണ് കർഷഷകസംഘടനകൾ. ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ അറിയിക്കും. കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ മണിപ്പൂരിലും ഹൈദരാബാദിലും ഇന്ന് കര്‍ഷക റാലികള്‍ സംഘടിപ്പിക്കും. അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് രാജ്യത്തെ ഒരുലക്ഷം ഇടങ്ങളില്‍ ഇന്ന് സിഐടിയു പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ചര്‍ച്ചയ്ക്കൊപ്പം സമരവും എന്ന നിലപാടിലും കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം ഇന്ന് മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. സിംഗു അടക്കം സമരകേന്ദ്രങ്ങളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തില്‍ അണിചേരും. ജനുവരി ഒന്ന് മുതല്‍ കോര്‍പറേറ്റുകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ മഹാരാഷ്ട്രയിലെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്തു.