കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കെ ഷബീന തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ലീഗ് പരിഗണിച്ചത് കെ എം സാബിറ ടീച്ചർ, ഷമീമ, കെ ഷബീന എന്നീ കൗൺസിലർമാരെയായിരുന്നു . തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചകൾ ഒന്നും നടത്താതെ ജില്ലാ നേതൃത്വത്തിലെ ചിലരുടെ താല്പര്യ പ്രകാരം കെ ഷബീനയെ ഡെപ്യുട്ടി മേയർ ആക്കാൻ തീരുമാനിച്ചതാണ് യൂത്ത് ലീഗ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. രാവിലെ കോൺഗ്രസ്സ് വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ മുസ്ലീം ലീഗ് നേതാക്കളായ പി പി കുഞ്ഞുമുഹമ്മദ്, വി പി അബ്ദുൽഖാദർ മൗലവി എന്നിവർ സഞ്ചരിച്ച വാഹനം പ്രതിഷേധിച്ചവർ തടഞ്ഞു. ഇതിനു പിന്നാലെ സത്യപ്രതിജ്ഞവേദിയിലും പ്രവർത്തകർ പ്രതിഷേധമുയർത്തി. ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനു പിന്നാലെ മേയർ സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ നിന്ന് രേഖമൂലം എഴുതി വാങ്ങണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡെപ്യുട്ടി മേയരുടെ സത്യപ്രതിജന തടയുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. എന്നാൽ ഉച്ചക്ക് തന്നെ നേതാക്കൾ നടത്തിയ ചർച്ചയിൽ താൽക്കാലിക സമവായമുണ്ടാകുകയും പ്രതിഷേധക്കാർ പിന്മാറുകയും ചെയ്തു.

തർക്കങ്ങൾക്കിടെ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം തീരുമാനിച്ച കെ ഷബീന തന്നെ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കളക്ടറുടെ സാനിധ്യത്തിൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽനടന്ന തിരഞ്ഞെടുപ്പിൽ 35 വോട്ടുകൾ ഷബീനയ്ക്ക് ലഭിച്ചു. 34 യു ഡി എഫ് കൗൺസിലർമാർക്ക് പുറമെ യു ഡി എഫ് വിമതനായിരുന്ന സുരേഷും ഷബീനയ്ക്ക് വോട്ട് ചെയ്തു. എൽ ഡി എഫിന്റെ സ്ഥാനാർഥിയായ എൻ ഉഷായ്ക്ക് 18 വോട്ടുകളാണ് ലഭിച്ചത്. ഒരു എൽ ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. തിരഞ്ഞെടുപ്പിന് ശേഷം കോർപ്പറേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ മേയർ ടി ഒ മോഹനൻ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് നടന്ന അനുമോദന യോഗത്തിൽ കെ സുധാകരൻ എം പി, ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി, പ്രതിപക്ഷ നേതാവ് എൻ സുകന്യ തുടങ്ങിയവർ സംസാരിച്ചു.