സിസ്റ്റർ അഭയ കൊലക്കേസിൽ തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിച്ചു. സിസ്റ്റർ സെഫിയും, തോമസ് കോട്ടൂരും പ്രതികൾ തന്നെയെന്ന് വിചാരണക്കോടതി കണ്ടെത്തി. കേസിൽ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.ഇരുപത്തിയെട്ടു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ സിസ്റ്റർ അഭയ കൊലക്കേസിൽ വിധിപ്രഖ്യാപനം നാളെ നടക്കുക. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്. 1992 മാർച്ച് 26ന് രാത്രിയാണ് കോട്ടയം പയസ് ടെത്ത് കോൺവെന്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളി. 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു.പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതുമടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി. 2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. ഫാദർ ജോസ് പുതൃകയിലിനെ വിടുതൽ ഹർജി പരിഗണിച്ച് പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി.