പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ. ഹേലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളത്തിൽ ഫാം ജേണലിസത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് പിന്നിൽ പ്രവർത്തിച്ച ഹേലി കാർഷിക സംബന്ധിയായ നിരവധി ലേഖനങ്ങൾ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കൃഷി വകുപ്പ് മുൻ ഡയറക്ടറും കാർഷിക-മാധ്യമപ്രവർത്തകനുമായ ആർ ഹേലിയുടെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദന്ദ്രൻ അനുശോചിച്ചു. അദ്ദേഹവുമായി അഗാധമായ വ്യക്തിബന്ധമുണ്ടായിരുന്നു. ആദ്യമായി പരിചയപ്പെടുമ്പോൾ ഹേലി എന്ന പേരിന്റെ അർത്ഥം ചോദിച്ചപ്പോൾ സൂര്യൻ എന്ന് അദ്ദേഹം മറുപടി നൽകി. സന്തോഷങ്ങൾ പങ്ക് വെച്ചും സാമൂഹ്യ വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും അദ്ദേഹത്തിന്റെ മെയിലുകൾ എത്തുമായിരുന്നു.ആരോഗ്യവാൻ ആയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമാണ്. വളരെ സ്നേഹവും അടുപ്പവുമുള്ള ഒരു ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു എന്ന് വ്യക്തമാക്കിയാണ് മന്ത്രി ആദരാഞ്ജലി അർപിച്ചത്.
ആകാശവാണിയിലെ ‘വയലും വീടും’ എന്ന പരിപാടിയിലൂടെയും ദൂരദർശനിലെ ‘നൂറ് മേനിയുടെ കൊയ്ത്തുകാർ’ എന്ന പരിപാടിയിലൂടെയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനായിരുന്നു അദ്ദേഹം. കേരള കർഷകൻ മാസികയുടെ പത്രാധിപരായി ‘ഫാം ജേർണലിസം’ എന്ന ശാഖയെ മലയാളത്തിന് പരിചയപ്പെടുത്തി. കേരളത്തിലെ കാർഷിക വിപ്ലവത്തിന് പ്രധാന പങ്ക് വഹിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനും ആയിരുന്ന ശ്രീ പിഎം രാമന്റെ മകനാണ് അദ്ദേഹം. ആറ്റിങ്ങലിന്റെ നേതാവ് ആയിരുന്ന ആർ പ്രകാശവും ആർ പ്രസന്നനും സഹോദരങ്ങളാണ് – മന്ത്രി അനുസ്മരിച്ചു.