കർഷകസമരം തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് അഖിലേന്ത്യാ കർഷക സമര ഏകോപന സമിതി. രാജ്യവിരുദ്ധ ശക്തികളാണ് സമരത്തിന് പിന്നിലെങ്കിൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് സർക്കാരിന് പിടികൂടാമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. കർഷക സമരത്തെ മാവോയ്സ്റ്റുകളും സാമൂഹിക വിരുദ്ധ ശക്തികളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രമന്ത്രിമാരടക്കം നടത്തിയ പ്രസ്താവനകളും വിവാദത്തിലായിരുന്നു. കർഷക സമരം ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തിൽ ഒരു ശക്തികൾക്കും സമരത്തെ തടയാൻ ആവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ.