മലയോരത്ത് കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നു

കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ച പേരാവൂർ-മാനന്തവാടി കെ.എസ്.ആർ.ടി.സി. സർവീസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. മാനന്തവാടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസാണ് പുനരാരംഭിക്കുന്നത്. പേരാവൂരിൽനിന്ന്‌ പാൽച്ചുരം വഴി മാനന്തവാടിയിലേക്കുള്ള രാവിലത്തെ ആദ്യ സർവീസാണിത്. രാവിലെ 6.10-ന് പേരാവൂരിൽനിന്ന്‌ സർവീസ് തുടങ്ങും. 6.30 കേളകം, 6.40 കൊട്ടിയൂർ, 7.30-ന് മാനന്തവാടിയിൽ എത്തും. വൈകീട്ട് 4.30ന് മാനന്തവാടിയിൽനിന്ന്‌ ഇരിട്ടിയിലേക്കും ഈ ബസ് സർവീസ് നടത്തും. ഇതോടെ വൈകീട്ട് പാൽച്ചുരം വഴി ബസില്ലാത്ത പ്രശ്നത്തിന് പരിഹാരമാകും. മാനന്തവാടിയിൽനിന്ന്‌ രാവിലെ 7.45ന്‌ കോയമ്പത്തൂർ ബസിന് പോകേണ്ടവർക്കും ഈ സർവീസ് സഹായകമാണ്. പുലർച്ചെ 4.40-ന്റെ കൊട്ടിയൂർ അമ്പലം-കോഴിക്കോട് സർവീസും പുനരാരംഭിച്ചിട്ടുണ്ട്. 4.55 കേളകം, 5.10 പേരാവൂർ, 6.00 കൂത്തുപറമ്പ്, 6.20 തലശ്ശേരി, 8.30ന്‌ കോഴിക്കോട് എത്തിച്ചേരും. നിലവിൽ പാൽച്ചുരത്തുനിന്ന്‌ സർവീസ് തുടങ്ങിയിട്ടില്ല. കൊട്ടിയൂർ അമ്പലം മുതലാണ് സർവീസ്.