ഇരിട്ടിയിൽ അധികാരം പിടിച്ചെടുക്കാന്‍ മുന്നണികൾ

2015 ല്‍ മുന്‍സിപ്പാലിറ്റിയായി മാറിയ ഇരിട്ടി നഗരസഭയില്‍ കേവലഭൂരിപക്ഷമുണ്ടായിട്ടും ഭരിക്കാനാകാതെ 5 വര്‍ഷം നഷ്ടമായ യുഡിഎഫ് അധികാരം പിടിച്ചെടുക്കാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. അതേ സമയം കഴിഞ്ഞ 5 വര്‍ഷത്തെ ഭരണവികസന പ്രവര്‍ത്തികള്‍ ഉയത്തിക്കാട്ടിയാണ് എല്‍.ഡി.എഫ്. ജനവിധി തേടുന്നത്. എൽഡിഎഫ്-ന്‍റെ ഭരണപരാചയവും യുഡിഎഫിലെ തമ്മിലടിയും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ബിജെപിയും ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ രംഗത്ത് എത്തിയതോടെ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചിരിക്കുകയാണ്.അന്തര്‍സംസ്ഥാനപാത കടന്നുപൊകുന്ന പ്രധാന നഗരമാണ് ഇരിട്ടി മുന്‍സിപ്പാലിറ്റി. റോഡുകളുടെയും , ടൗണുകളുടെയും മുഖം മിനുക്കിയ എല്‍ ഡി എഫ് ഭരണം ജനശ്രദ്ധ നേടിയിരുന്നു. നഗരസഭാ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് മികച്ച വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായതും എടുത്തുകാണിക്കുന്ന ഭരണനേട്ടങ്ങളാണ്.

മുന്‍പ് ഭരണം നഷ്ടമായ സാഹചര്യത്തില്‍ ഉറച്ച തീരുമാനങ്ങളെടുത്താണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ മുന്‍സിപ്പല്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.അതേ സമയം ഇരിട്ടി നഗരസഭയുടെ 33 വാര്‍ഡുകളിലും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ യുഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തുവെങ്കിലും ഭരിക്കാനാകാത്ത യുഡിഎഫിന്റെ കഴിവുകേടും എല്‍ ഡി എഫിന്റെ ഭരണ പരാചയവും ചൂണ്ടിക്കാട്ടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി ജനങ്ങളെ സമീപിക്കുന്നത്.