മേലെചൊവ്വ അടിപ്പാതയുടെ നിര്‍മാണം ജനുവരിയില്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ണൂരിന് വാഗ്ദാനം ചെയ്ത സുപ്രധാന പദ്ധതികളിലൊന്നായ മേലെചൊവ്വ അടിപ്പാതയുടെ നിര്‍മാണം ജനുവരിയില്‍ആരംഭിക്കും. കണ്ണൂര്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് മേലെചൊവ്വ അടിപ്പാത നിര്‍മിക്കുന്നത്.കിഫ്ബിയില്‍നിന്നും 26.86 കോടി രൂപയാണ് നിര്‍മാണത്തിന് അനുവദിച്ചത്. ജില്ലയിലെ ആദ്യത്തെ ആധുനിക അടിപ്പാതയാണ് മേലെചൊവ്വ അടിപ്പാത.

കണ്ണൂര്‍ നഗരത്തിലേക്കുള്ള മുഖ്യ കവാടമാണ് മേലെ ചൊവ്വ. ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ദുരിതം ചെറുതല്ല.അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇതിന് ശാശ്വത പരിഹാരമാവും.312 മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള അടിപ്പാതയ്ക്ക് ഒമ്പത് മീറ്റര്‍ വീതിയാണുണ്ടാവുക. റോഡിന് ഏഴുമീറ്റര്‍ വീതി. ഇരുഭാഗത്തും അഞ്ചരമീറ്റര്‍ സര്‍വീസ് റോഡുണ്ടാകും. ഒന്നര മീറ്റര്‍ നടപ്പാതയും ഒരുക്കും. സ്ഥലമെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.

അടിപ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഡിസംബറോടെ നല്‍കി പൂര്‍ണമാക്കും. ഇതിനുമാത്രമായി 12 കോടി രൂപ ഉപയോഗിക്കും. ഇതിനുപുറമെ കെട്ടിടത്തിനുള്ള നഷ്ടപരിഹാരവും നല്‍കും. ഒഴിപ്പിക്കപ്പെടുന്ന കടകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് നല്‍കുന്നതിനായി പ്രത്യേക പാക്കേജായി ഒരു കോടിയോളം രൂപയും ഉപയോഗിക്കും.കണ്ണൂര്‍ വിമാനത്താവളംകൂടി വന്നതോടെ വര്‍ധിച്ച വാഹനക്കുരുക്കിന് പരിഹാരമാവാന്‍ മേലെചൊവ്വ അടിപ്പാതയുടെ നിര്‍മാണത്തിലൂടെ കഴിയും