ജല്ലിക്കെട്ടിന് ഓസ്‌കാര്‍ എന്‍ട്രി

ഓസ്‌കാറിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എന്‍ട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന്. 2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന ആദ്യ മലയാള സിനിമയാണ് ജല്ലിക്കെട്ട്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്. വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്.

27ലധികം സിനിമകളില്‍ നിന്നും 14 അംഗ ജൂറിയാണ് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തത്. ദ ഡിസിപ്പിള്‍, ഗുഞ്ജന്‍ സക്‌സേന, ശിക്കാര, ബുല്‍ബുല്‍, ഗുലാബോ സിതാബോ, മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്നീ സിനിമകളെയൊക്കെ മറികടന്നാണ് ജല്ലിക്കെട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചത്.2021 ഏപ്രില്‍ 25നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കെട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, സാന്റി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം പ്രദര്‍ശിപ്പിച്ച സിനിമ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. തീയറ്ററുകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

വില്ലേജ് റോക്ക്സ്റ്റാര്‍, ന്യൂട്ടണ്‍, കോര്‍ട്ട്, വിസാരണൈ, ബര്‍ഫി, ഇന്ത്യന്‍, പീപ്ലി ലൈവ് എന്നിവയാണ് മുമ്പ് നോമിനേഷനായി സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍.
സോയ അക്തര്‍ സംവിധാനം ചെയ്ത ഗലി ബോയ് എന്ന ചിത്രത്തിന് കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ലഭിച്ചിരുന്നെങ്കിലും ചിത്രം നോമിനേഷനിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടില്ല.