മുതിര്‍ന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് പട്ടേൽ വിട വാങ്ങിയത്.എഐസിസി ട്രഷറായ അഹമ്മദ് പട്ടേൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്.ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു അഹമ്മദ് പട്ടേൽ. ഡോക്ടർ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കേന്ദ്രം ഭരിച്ച ഒരു ദശാബ്ദകാലം പാർട്ടിയ്ക്കും സർക്കാരിനുമിടയിലെ പ്രധാന കണ്ണിയായിരുന്നു അഹമ്മദ് പട്ടേൽ.
1980 ന്‍റെ രണ്ടാം പകുതിയിൽ രാജീവ് ഗാന്ധിയുടെ കൈപിടിച്ചാണ് അഹമ്മദ് പട്ടേൽ എന്ന ഗുജറാത്തുകാരൻ, ഡൽഹി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. അധികം വൈകാതെ ദേശീയ കോൺഗ്രസിൻറെ രാഷ്ടീയ ചാണക്യനായി പട്ടേൽ അറിയപ്പെട്ടു. രാജീവ് ഗാന്ധിക്ക് ശേഷം സോണിയ ഗാന്ധിയുടെയും വിശ്വസ്തത കാത്ത അഹമ്മദ് പാട്ടേൽ ദീർഘകാലം സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2004ൽ എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ മറികടന്ന്, യുപിഎ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കരുത്തു പകർന്നതും അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ്.