സൈബർ അക്രമങ്ങൾ തടയാനാണ് പൊലീസ് ആക്ട് ഭേദഗതി ചെയ്തതെന്ന് നിയമമന്ത്രി എ കെ ബാലൻ. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നത്. ആക്ട് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻകരുതൽ എടുക്കുമെന്നും ആശങ്കകൾ പരിശോധിച്ച ശേഷം മാത്രമേ നിയമം നടപ്പാക്കു എന്നും മന്ത്രി പറഞ്ഞു.
ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി ഉൾക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും പൊലീസ് ആക്ട് ഭേദഗതി പ്രകാരം കേസെടുക്കാം. വ്യക്തികൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾക്കും കുരുക്കുണ്ട്. ഒരാൾക്ക് മാനഹാനിയുണ്ടായെന്ന തോന്നലിൽ അയാൾ പരാതി നൽകണമെന്നില്ല, താൽപര്യമുള്ള ആർക്കും പരാതി നൽകാം,നടപടിയുണ്ടാകും. പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.