ഇടുക്കിയിലെ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി

ഇടുക്കിയിലെ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. പ്രധാന തർക്ക സ്ഥലമായ കട്ടപ്പന നഗരസഭയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് എട്ട് സീറ്റ് അനുവദിച്ചു. കോൺഗ്രസ് 26 സീറ്റിൽ മത്സരിക്കും.

കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനമായിരുന്നു ഇടുക്കിയിൽ യുഡിഎഫിന് കീറാമുട്ടി. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മത്സരിച്ച സീറ്റുകളെല്ലാം ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. ഇത് കോൺഗ്രസ് സമ്മതിച്ചില്ല. ദിവസങ്ങൾ നീണ്ട തർക്കം നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് തീരുമാനമായത്.

ഇതനുസരിച്ച് 34 അംഗങ്ങളുള്ള കട്ടപ്പന നഗരസഭയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് എട്ട് സീറ്റ് അനുവദിച്ചു. 14 സീറ്റായിരുന്നു ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ബാക്കിയുള്ള സീറ്റിലെല്ലാം കോൺഗ്രസ് മത്സരിക്കും.