തദ്ദേശ തെരഞ്ഞെടുപ്പ് ; ജില്ലാ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പരാതികള്‍ക്ക് സത്വര പരിഹാരം കാണുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ചെയര്‍മാനായി മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് അഞ്ചംഗ സമിതിയുടെ കണ്‍വീനര്‍. ജില്ലാ പൊലീസ് മേധാവി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സംശയങ്ങളും പരാതികളും പരിശോധിച്ച് പരിഹാരം കാണുക, പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ മേല്‍ നടപടിക്കായി റിപ്പോര്‍ട്ട് സഹിതം കമ്മീഷനിലേക്ക് അയക്കുക തുടങ്ങിയവയാണ് മോണിറ്ററിംഗ് സെല്ലിന്റ പ്രവര്‍ത്തനങ്ങള്‍. മോണിറ്ററിംഗ് സമിതി രണ്ടു ദിവസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതതിനു പുറമെ, അടിയന്തര പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ അപ്പപ്പോള്‍ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും.