65 വയസ്സ് കഴിഞ്ഞവരെയും സ്ത്രീകളെയും സ്റ്റേഷനില്‍ വരുത്തരുത്; പരിഷ്‌കാരത്തിന് കേന്ദ്ര ശുപാര്‍ശ

പോലീസിനെ കൂടുതൽ മാനവികമാക്കാനുള്ള പരിഷ്കാരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (ബി.പി.ആർ.ഡി.) കരടുമാർഗരേഖ. വ്യക്തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്റ്റ് ചെയ്യാനെന്നും അറസ്റ്റ് സ്ഥിരംനടപടിയാവരുതെന്നും മാർഗരേഖ ഓർമിപ്പിക്കുന്നു.

പരാതി ലഭിച്ചാൽ സ്ഥലവും സമയവും വ്യക്തമാക്കി കൃത്യമായ നോട്ടീസ് നൽകാതെ ഒരാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യരുതെന്നതാണ് പ്രധാന നിർദേശം. സ്ത്രീകളെയും 65 വയസ്സിൽ കൂടുതലുള്ളവരെയും 15 വയസ്സിൽ താഴെയുള്ളവരെയും സ്റ്റേഷനിലേക്കു വിളിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യാൻ വിളിക്കുന്നവരെ നിശ്ചിത സമയത്തിൽ കൂടുതൽ കസ്റ്റഡിയിൽ വെക്കാൻ പാടില്ല.

കസ്റ്റഡി പീഡനങ്ങൾ സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ടെന്നും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും ബി.പി.ആർ.ഡി നിരീക്ഷിച്ചു. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാൻ പോലീസ് സ്റ്റേഷൻ പരിസരത്തും ലോക്കപ്പുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണം. കസ്റ്റഡിയിൽ പീഡിപ്പിക്കുന്ന പോലീസുകാർക്കെതിരേ കടുത്ത നടപടിയുണ്ടാവണം.