74-ാം വയസ്സിലും ചൂത് ചൂൽ നിർമ്മാണത്തിൽ വ്യാപൃതയാണ് കണ്ണൂർ കരിവെള്ളൂരിലെ കിഴക്കേവീട്ടിൽ നാരായണി. ക്ഷേത്രം ശ്രീകോവിൽ, പൂജാമുറികൾ തുടങ്ങിയ സവിശേഷ സ്ഥലങ്ങളിൽ ഉപയോഗിക്കാനുള്ള ചൂലാണ് ചൂത് എന്ന പുൽച്ചെടി കൊണ്ട് ഇവർ നിർമ്മിക്കുന്നത്.തൻറെ പതിനഞ്ചാം വയസ്സ് മുതൽ ആരംഭിച്ച ചൂത് ചൂൽ നിർമാണമാണ് ഈ പ്രായത്തിലും കരിവെള്ളൂർ കുണിയനിലെ
കിഴക്കേവീട്ടിൽ നാരായണി തുടർന്നു പോരുന്നത്. അമ്മ കുഞ്ഞാതിയിൽ നിന്നാണ് ചൂത് ചൂൽ നിർമ്മാണം പഠിച്ചത്.
മകൾ ലീലയാണ് ചൂത്, വയലുകളിൽ നിന്നും ശേഖരിച്ച് ചൂല് കെട്ടാനായി ഒരുക്കുന്നത്.
വീടുകളിലും തറവാടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം ചൂത് ചൂൽ ഇപ്പോഴും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ധാരാളമായി ആവശ്യക്കാരുണ്ട്.തുലാം മാസം പത്ത് കഴിഞ്ഞാലാണ് ചൂത് ശേഖരിക്കാനായി വയലുകളിലേക്ക് ഇറങ്ങുന്നത്. ഒരു വർഷത്തേക്ക് മൊത്തമായി ശേഖരിച്ച് ഉണക്കി സൂക്ഷിക്കും.ഏറെ ശ്രമകരമായി ജോലിയാണ് ചൂത് ചൂൽ നിർമ്മാണം.
വയലുകളിൽനിന്ന് പ്രായമായ ഒരടിയോളം വലിപ്പമുള്ള ചൂതുകൾ പറിച്ചെടുത്ത് ഉണക്കിയതിനുശേഷം നാല് ദിവസം വെള്ളത്തിൽ കുതിർക്കും, പിന്നീട് ഞെട്ടും പോളയും കളഞ്ഞ് വീണ്ടും ഉണക്കും. ഉണങ്ങിയ ചൂതുകൾ കയർകൊണ്ട് മെടഞ്ഞാണ് ചൂല് കെട്ടുന്നത്. 200 രൂപയാണ് ഒരു ചൂലിൻ്റെ വില. ഏറെ ഭംഗിയുളളതും വർഷങ്ങളോളം ഈട് നൽക്കുന്നവയാണിവ.