ബജ്‌റംഗദള്‍ നേതാവിന്റെ കൊലപാതകം; ജെ.ഡി.യു മന്ത്രിക്കെതിരെ കൊലക്കേസ്

അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബീഹാറിൽ ജെ.ഡി.യു മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു . ബീഹാര്‍ മന്ത്രി രാംസേവക് സിങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ശക്തമായ എതിര്‍പ്പ് വിവിധ രാഷ്ട്രീയ ചേരിയില്‍ നിന്ന് ഉയരുന്ന സമയത്താണ് സര്‍ക്കാരിന് കുരുക്കായി പുതിയ കേസ്. ബജ്‌റംഗദള്‍ നേതാവായ ജയ് ബഹദൂര്‍ സിങിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത് .ജയ് ബഹദൂറിന്റെ ചെറുമകന്‍ ധീരേന്ദ്ര സിങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 120 ബി ഗൂഢാലോചന, 302 കൊലപാതകക്കുറ്റം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തന്റെ മുത്തശ്ശന്‍ (ബഹദൂര്‍ സിങ്) ഭരണകക്ഷിയായ ജെ.ഡി.യുവിന് വോട്ട് ചെയ്യരുതെന്ന് അദ്ദേഹത്തിന്റെ അണികളോട് പറഞ്ഞതിന് പിന്നാലെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് ധീരേന്ദ്ര സിംഗ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് മിര്‍ഗഞ്ച് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.