ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കും ഇനി പാഴ്‌സൽ വഴി

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിങ് ലൈസന്‍സുകളും വിതരണം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കും. രേഖകളുടെ അച്ചടിക്ക് മോട്ടോര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി, ഇവ വിതരണം ചെയ്യാന്‍ പാഴ്സല്‍ ഏജന്‍സികളില്‍നിന്നും ടെന്‍ഡര്‍ വിളിച്ചു. ഡിസംബര്‍ രണ്ടാംവാരത്തോടെ ഈ സംവിധാനം നിലവില്‍വരും. കേന്ദ്രീകൃത അച്ചടി സംവിധാനത്തിന്റെ ഭാഗമായിട്ടാണ് വിതരണത്തിലും മാറ്റംവരുന്നത്. നിലവില്‍ ഇവയെല്ലാം തപാല്‍ വകുപ്പാണ് വിതരണം ചെയ്യുന്നത്. ഒടിഞ്ഞുപോകാത്തതും പ്രിന്റിങ് മായാത്തതുമായ പോളി കാര്‍ബണേറ്റ് കാര്‍ഡുകളിലാണ് ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അച്ചടിക്കുന്നത്.

അപേക്ഷകന്റെ മേല്‍വിലാസത്തിലേക്ക് അയയ്ക്കുന്ന രേഖകള്‍ മടങ്ങിയാല്‍ അതത് പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലേക്ക് കൈമാറും. അപേക്ഷകര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് രേഖകള്‍ വാങ്ങണം. ക്യൂ.ആര്‍. കോഡ്, ഹോളോഗ്രാം, ഗ്വില്ലോച്ചേ പ്രിന്റിങ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും കാര്‍ഡുകളിലുണ്ട്. ഒരു കാര്‍ഡ് അച്ചടിച്ച് മേല്‍വിലാസക്കാരന് കൈമാറുന്നതിന് 76 രൂപയാണ് മോട്ടോര്‍വാഹനവകുപ്പ് നല്‍കുക. ഇതിനുള്ള തുക ഇപ്പോള്‍ തന്നെ അപേക്ഷകരില്‍നിന്ന് വാങ്ങുന്നുണ്ട്. അതിനാല്‍ നിലവിലെ ഫീസില്‍ മാറ്റമുണ്ടാകില്ല. 20 വര്‍ഷത്തോളം കേടുപാടില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കാര്‍ഡുകളാണ് നല്‍കുന്നത്. നിലവില്‍ ലാമിനേറ്റഡ് കാര്‍ഡുകളാണ് നല്‍കുന്നത്. ഇവ പെട്ടെന്ന് കേടാകും. പുതിയ സംവിധാനം നിലവില്‍വരുമ്പോള്‍ ഓഫീസുകളിലെ ജോലിഭാരം ഗണ്യമായി കുറയും. നിലവിലെ ലാമിനേറ്റഡ് കാര്‍ഡുകള്‍ പോളികാര്‍ബണേറ്റ് കാര്‍ഡിലേക്ക് മാറ്റിക്കിട്ടാന്‍ ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം നിലവില്‍വരും.