എഴുത്തുകാരന്‍ സക്കറിയക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ സക്കറിയക്ക്. കേരള സാഹിത്യത്തിലുള്ള സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ. 1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993).ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരിടത്ത്ആർക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ?, ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ, സക്കറിയയുടെ കഥകൾ, ഇഷ്ടികയും ആശാരിയും, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് പ്രധാന രചനകൾ. കേരള സാഹിത്യ അക്കാഡമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഒ.വി. വിജയൻ പുരസ്കാരം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം പ്രശംസ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.