നീലക്കണ്ണുകളുള്ള സൗന്ദര്യ റാണിക്ക് ഇന്ന് പിറന്നാൾ

ഐശ്വര്യ റായ് ബച്ചൻ; ഇന്ത്യൻ അഭിനേത്രി, മോഡൽ, മിസ്സ് വേൾഡ് 1994 മാത്രമല്ല, ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യക്കാരി. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്നാണ് ലോകം ഐശ്വര്യയെ വിശേഷിപ്പിക്കാറുള്ളത്. മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായിട്ട് 1973 നവംബർ 1-ന്‌ മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ. വാണിജ്യ സിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീൻസ് ആണ്. സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാ ലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി.

ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. 1994-ൽ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി. മിസ് ഇന്ത്യാ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ഐശ്വര്യ, മിസ് വേൾഡ് പുരസ്കാരം കരസ്ഥമാക്കി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വർഷത്തോളം ലണ്ടനിലായിരുന്നു. തുടർന്ന് മുഴുനേര മോഡലിങ്ങിലേയ്ക്കും അവിടുന്ന് സിനിമകളിലേയ്ക്കും ഐശ്വര്യ തന്റെ തൊഴിൽമേഖലയെ മാറ്റുകയാണുണ്ടായത്.തുളു, ഹിന്ദി, ഇംഗ്ലീഷ്, മറാഠി, തമിഴ് എന്നീ ഭാഷകൾ ഐശ്വര്യയ്ക്ക് സംസാരിക്കാനറിയാം