മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍

ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസമായ മറഡോണ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നും ഒരു വികാരമാണ്. ബുദ്ധി കൊണ്ടും പ്രതിഭ കൊണ്ടും മൈതാനങ്ങള്‍ കീഴടക്കിയ മാന്ത്രികൻ. ഡീഗോ അര്‍മാന്‍ഡോ മറഡോണ. മികച്ച കായികശേഷി. പന്തിന് മേലുള്ള അസാധാരണമായ നിയന്ത്രണം. അപാരമായ ഡ്രിബ്ലിംഗ് മികവ്, അതൊക്കെയാണ് മറഡോണ. വിജയ പരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടെങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു.

ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്. 1986ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായ ലോകകപ്പിലെ ലീഗ് മത്സരത്തില്‍, ഇംഗ്ലണ്ടിനെതിരെ സ്വന്തം ഹാഫില്‍ മറഡോണയ്ക്ക് പന്ത് കിട്ടുമ്പോള്‍ അത് പന്ത്രണ്ടാമത്തെ ടച്ചായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇംഗ്ലണ്ടിന്റെ അഞ്ച് കളിക്കാരെയും ഗോളി പീറ്റര്‍ ഷില്‍ട്ടണെയും മറികടന്ന് മറഡോണ പന്ത് വലയിലെത്തിച്ചപ്പോള്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായി. പിന്നീട് ഏറെ വിവാദമായൊരു ഗോള്‍, ആ കളിയില്‍ അതിന് മുന്‍പ് മറഡോണ നേടിയിരുന്നു. ലോകമെമ്പാടുമുള്ള ആരാധക വൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.