കല്യാണം മുടക്കികൾ ജാഗ്രതൈ..!

“ഏത് സുഹൃത്തിന്റെ അച്ഛനായാലും കല്യാണം മുടക്കിയാൽ വീട്ടിൽ കയറി തല്ലിയിരിക്കും.” പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ബോർഡുകളും മറ്റും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിലും കടന്ന കൈ ചെയ്തിരിക്കുകയാണ് കണ്ണൂർ ചെറുപുഴയിലെ യുവാവ്. കല്യാണം മുടക്കിയ വ്യക്തിയുടെ കട ഇടിച്ചു നിരപ്പാക്കി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരിക്കുകയാണ് യുവാവ്. അയ്യപ്പൻ നായരുടെ വീട് കോശി തകർത്തത് എന്തിനാണെന്ന് ചോദിച്ചാൽ കടുകു മണിയോളം വരുന്നൊരു പ്രതികാരത്തിന്റെ പേരിലെന്ന് അയ്യപ്പനും കോശിയും എന്ന സിനിമ കണ്ടവർക്കറിയാം. കണ്ണൂർ ചെറുപുഴയിലിപ്പോൾ ആ സിനിമാക്കഥ യാഥാർഥ്യമായിരിക്കുകയാണ്.

 

പുളിങ്ങോം,ഇടവരമ്പ് പൂമലയിൽ യുവാവ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കട ഇടിച്ചു നിരപ്പാക്കിയ ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.പുളിയാർമറ്റത്ത് സോജിയുടെ കടയാണ് അയൽവാസിയായ ആൽബിൻ ഇടിച്ചു നിരത്തിയത്. സോജി കടയടച്ച് മടങ്ങിയ ശേഷമായിരുന്നു അതിക്രമം.അതിക്രമത്തിന്റെ കാരണമാണ് ബഹുരസം. തന്റെ വിവാഹാലോചനകൾ നിരന്തരമായി മുടക്കിയത് കാരണമാണ് കട ഇടിച്ചു നിരത്തിയതെന്നാണ് ആൽബിൻ പൊലീസിന് മൊഴി നൽകിയത്. കല്യാണം മുടക്കികൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമാകാനാണ് സാധ്യത.