കെഎസ്ആർടിസി സമ്പൂർണ്ണ കമ്പ്യൂട്ടറൈസേഷന് തുടക്കമായി. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം സർക്കാർ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പ്യൂട്ടറൈസേഷൻ. ഇതിനായി സംസ്ഥാന സർക്കാർ 16.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ന്യൂ ജനറേഷൻ ടിക്കറ്റ് മെഷീനുകളാണ് പദ്ധതിയിൽ വരുന്നത്. ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രണ്ട് വർഷം കൊണ്ട് പൊതു ഗതാഗത സംവിധാനം പൂർണ്ണമായും കമ്പ്യൂട്ടർ വത്കരിക്കുക എന്നതാണ് ലക്ഷ്യം.
കെഎസ്ആർടിയുടെ മുഴുവൻ ബസ്സുകൾക്കും ജിപിഎസ് ഘടിപ്പിക്കും. പല ബസ്സുകളിലും ഓഡോ മീറ്റർ പ്രവർത്തിക്കുന്നില്ല. അതിനാൽ ജിപിഎസ് വന്നാൽ ഒരു ബസ് എപ്പോൾ സ്റ്റാർട്ട് ചെയ്തു,എപ്പോൾ നിർത്തി,എത്ര മണിക്കൂർ,എത്ര കിലോമീറ്റർ,ഏതു റൂട്ടിലൂടെ സർവീസ് നടത്തി എന്നതുൾപ്പെടെ വേഗത്തിൽ ലഭിക്കും. ഇതിനായി തിരുവന്തപുരത്തെ ആനയറ ടെർമിനലിൽ സെൻട്രൽ കണ്ട്രോൾ റൂം സ്ഥാപിച്ചു. അത് വഴി സംസ്ഥാനത്തെ മുഴുവൻ കെഎസ്ആർടിസി ബസ്സുകളും നിരീക്ഷിക്കും.