ലൈഫ് മിഷന്‍ കേസിൽ ഹൈക്കോടതിയിൽ വാദം പുരോ​ഗമിക്കുന്നു

ലൈഫ് മിഷന്‍ കേസിൽ ഹൈക്കോടതിയിൽ വാദം പുരോ​ഗമിക്കുന്നു. ആദ്യ വാദം സര്‍ക്കാരിന്റേതാണ്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ് അന്വേഷിക്കേണ്ടതെന്ന് സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.ലൈഫ് മിഷന്‍ ഇടപാടില്‍ ബന്ധമില്ലെന്നും ഭൂമി നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് സർക്കാർ വാദം. യുണീടാകിന് റെഡ്ക്രസന്റ് നേരിട്ടാണ് പണം നല്‍കിയത്. സർക്കാരിന് പങ്കുണ്ടെന്നത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. പ്രളയ ബാധിതർക്കുള്ള ഭവന പദ്ധതിക്ക് സാമ്പത്തിക സഹായമെന്ന നിലയിലാണ് റെഡ്ക്രസന്റുമായി ധാരണയുണ്ടാക്കിയതെന്ന് സർക്കാർ പറഞ്ഞു. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്.സിബിഐയുടെ എഫ്ഐആറിൽ വൈരുദ്ധ്യങ്ങളുണ്ട്. സര്‍ക്കാര്‍ നേരിട്ട് വിദേശഫണ്ട് കൈപ്പറ്റിയിട്ടില്ല. എഫ്സിആർഎ ചട്ടത്തിന്റെ പരിധിയിൽ ഈ ഇടപാട് വരുന്നില്ല. ഈ ചട്ടത്തിന്റെ ഉദ്ദേശം തന്നെ മറ്റൊന്നാണെന്നും സർക്കാർ പറഞ്ഞു. ഇത് കള്ളപ്പണം വെളുപ്പിക്കലോ, ഹവാലായോ അല്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ അധോലോക ഇടപാടാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. കരാറിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സി.ബി.ഐ ആരോപിച്ചു.എഫ്.സി.ആര്‍.എ കേസ് നിലനില്‍ക്കുമെന്നും സി.ബി.ഐ പറഞ്ഞു.ലൈഫ് മിഷന്‍ ധാരണാപത്രം എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു. പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ടെന്‍ഡര്‍ വഴി യൂണിടാക്കിന് കരാര്‍ ലഭിച്ചെന്നത് കളവാണെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ വാദിച്ചു.സന്ദീപും സ്വപ്നയും കുപ്രസിദ്ധ കള്ളക്കടത്തുകാരാണെന്ന വാദമാണ് സി.ബി.ഐ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും പദ്ധതിക്ക് വേണ്ടി ഇടപെട്ടെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു.

ലൈഫ് മിഷന് നല്‍കിയ രേഖകള്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ കൈവശം എങ്ങനെയെത്തി എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.203 അപ്പാര്‍ട്ട്‌മെന്റുകളാണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷേ സന്തോഷ് ഈപ്പന്‍ ഇത് 100ഉം, പിന്നീട് 130 ആക്കി. ഇത് ലാഭമുണ്ടാക്കാനാണെന്നാണ് സി.ബി.ഐ വാദം.യൂണിടാക്കും റെഡ് ക്രസന്റും ലൈഫും തമ്മിലുള്ള കോണ്‍ട്രാക്ട് പരിശോധിക്കേണ്ടത് ഉണ്ടെന്നും ഈ കരാര്‍ സംശയാസ്പദമാണെന്നും സി.ബി.ഐ പറയുന്നു. യു.വി ജോസ് പ്രതിയാകുമോ സാക്ഷിയാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.കേസ് ഡയറി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും ഇത് കോടതി വായിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.അതേസമയം കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാനത്തിന്റെ അനുമതി വേണമെന്നും സര്‍ക്കാര്‍ പറഞ്ഞു.എഫ്.സി.ആര്‍.എ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുത്താതെ കേസുമായി മുന്നോട്ടുപോകരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.കോണ്‍സുലേറ്റ് പണം യൂണിടാക്ക് വാങ്ങിയതില്‍ പങ്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.